District News
പയ്യന്നൂര്: സ്വർണവ്യാപാരിയും കുടുംബവും സഞ്ചരിച്ച കാര് തട്ടിയെടുത്ത് കവര്ച്ച നടത്തിയ സംഭവത്തില് ഒരാള്കൂടി അറസ്റ്റിൽ. കണ്ണപുരം ചെറുകുന്ന് പൂങ്കാവിലെ ആരംഭന് ഹൗസില് ജിജിൽ എന്ന കുട്ടുവിനെ (38) യാണ് കണ്ണൂര് റൂറല് എസ്പിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സ്ക്വാഡിലെ എഎസ്ഐമാരായ സയിദ്, ശ്രീകാന്ത്, സീനിയര് സിപിഒമാരായ ജയദേവൻ, അഷ്റഫ്, നൗഫല് അഞ്ചില്ലത്ത്, അബ്ദുള് ജബ്ബാർ, ഷിജോയ് എന്നിവരടങ്ങിയ സംഘമാണ് മട്ടന്നൂരില് ഒളിവില് കഴിയുന്നതിനിടെ പ്രതിയെ പിടികൂടിയത്.
ജൂൺ രണ്ടിന് പുലര്ച്ചെ അഞ്ചിന് ദേശീയപാതയില് എടാട്ടായിരുന്നു കേസിനാസ്പദമായ സംഭവം. തലശേരിയിലേക്ക് വരുന്നതിനിടെ സ്വര്ണവ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി കുമാര് ജലന്തര് നിഗവും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറുമുണ്ടായിരുന്ന കാർ തട്ടിയെടുത്ത് കവർച്ച നടത്തുകയായിരുന്നു.
മാനന്തവാടി, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വര്ണംപൊട്ടിക്കല് കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ജിജിലെന്ന് പോലീസ് പറഞ്ഞു. മാലൂര് കുണ്ടേരിപ്പൊയിലിലെ അശ്വന്ത്(26), പാപ്പിനിശേരി കീച്ചേരി അഞ്ചാംപീടിക സ്വദേശി സനു സന്തോഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. രണ്ട് ഇന്നോവയടക്കം മൂന്ന് വാഹനങ്ങളും അന്വേഷണ സംഘം പിടികൂടിയിരുന്നു. തട്ടിയെടുത്ത കാറിലുണ്ടായിരുന്ന മുപ്പത് പവനോളം സ്വര്ണവും ഒന്നരകോടിയോളം രൂപയും കവര്ന്നതായി പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കാർ പിന്നീട് പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്ത് തകര്ത്ത നിലയില് കണ്ടെത്തുകയായിരുന്നു.
Kerala
കണ്ണൂർ: സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ടി.പുരുഷോത്തമന്റെ ചെമ്മീൻ ഷെഡ് തീവെച്ചു നശിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കേസ് അന്വേഷിക്കുന്നതിനായി പയ്യന്നൂർ ഡിവൈഎസ്പി പി.എൽ. ഷൈജുവിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
സ്ഫോടക വസ്തു എറിഞ്ഞ ശേഷമാണ് അക്രമികൾ ഷെഡിന് തീയിട്ടതെന്ന് പുരുഷോത്തമൻ പറഞ്ഞു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നും മുൻ എംഎൽഎ ടി.ഐ. മധുസൂദനന്റെ അറിവോടെയാണ് ഈ ആക്രമണം നടന്നതെന്ന് സംശയിക്കുന്നതായും പുരുഷോത്തമൻ പറഞ്ഞിരുന്നു.
എന്നാൽ പുരുഷോത്തമന്റെ ആരോപണങ്ങൾ തള്ളി ടി.ഐ. മധുസൂദൻ രംഗത്തെത്തി. തനിക്കെതിരെ വി. കുഞ്ഞികൃഷ്ണനും സംഘവും ബോധപൂർവം വ്യാജപ്രചാരണങ്ങളും വ്യക്തിഹത്യയും നടത്തുകയാണെന്നും തീവെപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും പുരുഷോത്തമന്റെ വീട് ആക്രമിക്കപ്പെടുകയും കാറിന് തീയിടുകയും ചെയ്തിരുന്നു. അന്ന് അഞ്ച് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Kerala
പയ്യന്നൂര്: സിപിഎം ഫണ്ട് വെട്ടിപ്പിന്റെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ വി. കുഞ്ഞികൃഷ്ണൻ എംഎൽഎയെ അനുകൂലിക്കുന്നയാളുടെ ബൈക്ക് കത്തിച്ച സംഭവത്തിന്റെ അന്വേഷണം അട്ടിമറിച്ചതായി ആരോപണം. വെള്ളൂരിലെ പനയന്തട്ട വീട്ടില് പ്രസന്നന്റെ പള്സര് ബൈക്ക് അഗ്നിക്കിരയാക്കിയതുൾപ്പെടെയുള്ള സംഭവങ്ങളുടെ അന്വേഷണമാണ് പ്രതികളിലേക്കെത്താതെ പോയത്.
നിയമസഭാ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്ന ഘട്ടത്തിൽ ജനുവരി 26 ന് രാത്രിയിലായിരുന്നു സംഭവം. റോഡില്നിന്ന് കുറച്ചകലെയുള്ള വീട്ടുവളപ്പില് നിര്ത്തിയിട്ടിരുന്ന ബൈക്ക് തള്ളി അകലെ വയല്ക്കരയിലേക്ക് മാറ്റി തീവച്ച നിലയിലായിരുന്നു. ജില്ലാ പോലീസ് മേധാവിയുള്പ്പെടെയുള്ളവര് സ്ഥലത്തെത്തുകയും പയ്യന്നൂർ ഡിവൈഎസ്പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയുമുണ്ടായി.
വനിതാ എസ്ഐയുടെ നേതൃത്വത്തിൽ അന്വേഷണം പ്രതികളിലേക്കെത്തുമെന്ന ഘട്ടമെത്തിയപ്പോഴാണ് കേസന്വേഷണം നിലച്ചത്. പ്രതികളെ പിടികൂടുന്നതിൽ പോലീസ് ഉദാസീനത കാണിക്കുന്നതായി വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂർ ഡിവൈഎസ് പി യുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കുറ്റക്കാരെ ഉടൻ കണ്ടെത്തി നടപടിയെടുക്കണമെന്നും സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നതാണ്. മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. 10 രൂപ ചാലഞ്ച് നടത്തി കത്തിയ ബൈക്കിന് പകരം ഉടമയ്ക്ക് പുതിയ ഇലക്ട്രിക് സ്കൂട്ടർ വാങ്ങി നൽകിയിരുന്നു.
അപകീർത്തികരമായ പ്രചരണം നടത്തിയെന്ന പരാതിയിൽ കേസെടുക്കുകയും ഒരു മാധ്യമപ്രവർത്തകന്റെ മൊബൈൽ ഫോൺ പിടിച്ചുവയ്ക്കുകയും ചെയ്ത പോലീസ് സിപിഎം ഏരിയ സെക്രട്ടറി നൽകിയ സമാനമായ പരാതിയിൽ കേസെടുക്കാത്തതും ചർച്ചയായിരുന്നു.
പയ്യന്നൂരിലെ തെരഞ്ഞെടുപ്പിനോടനുബനധിച്ച് നടന്ന അക്രമങ്ങളിൽ നടപടിയില്ലാത്ത അവസ്ഥ വി. കുഞ്ഞികൃഷ്ണൻ എംഎൽഎ നിയമസഭയിൽ ചൂണ്ടിക്കാണിച്ചിരുന്നു ഇതേത്തുടർന്ന് പയ്യന്നൂരിലെ അക്രമസംഭവങ്ങൾ സംബന്ധിച്ച രേഖകൾ അഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും പയ്യന്നൂരിലെ അക്രമസംഭവങ്ങളിൽ അന്വേഷണം വഴിമുട്ടി നിൽക്കുന്നതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
Kerala
കണ്ണൂർ: പയ്യന്നൂരിലെ പരാജയത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് പി.കെ. ശ്രീമതി. ജനമനസ് മനസിലാക്കുന്നതിൽ താൻ പരാജയപ്പെട്ടുവെന്ന് പി.കെ. ശ്രീമതി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ശ്രീമതിയുടെ പ്രതികരണം.
പയ്യന്നൂരിൽ ഒരു മാസം പ്രവർത്തിച്ചു. ജയിക്കാൻ കഴിയുമോ എന്നതിൽ ആദ്യം ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ജയിക്കുമെന്ന് തന്നെയാണ് കരുതിയെന്നും പി.കെ ശ്രീമതി വ്യക്തമാക്കി. അതേസമയം
സിപിഎമ്മില് നേതൃമാറ്റം ആവശ്യപ്പെട്ട് പോസ്റ്ററുകള് പ്രത്യക്ഷപ്പെട്ടതില് പ്രതികരണവുമായി മുതിര്ന്ന നേതാവ് പി. ജയരാജന് രംഗത്തെത്തി.
തന്റെ പടം വച്ചുള്ള ബോര്ഡുകള് നീക്കം ചെയ്യണമെന്നും സോഷ്യല് മീഡിയയില് തന്നെ പ്രകീര്ത്തിച്ചും പാര്ട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിയുമുള്ള പ്രചാരണങ്ങള് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉള്പാര്ട്ടി ചര്ച്ചയെ കുറിച്ച് സിപിഎം ഭരണഘടന അനുശാസിക്കുന്നത് പിന്തുടരണമെന്നും പി. ജയരാജന് അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പി.ജയരാജൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് കനത്ത തിരിച്ചടിയായി പയ്യന്നൂരിലെ തോൽവി. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച അദ്ദേഹം 7,487 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
76,640 വോട്ട് വി.കുഞ്ഞികൃഷ്ണൻ നേടിയപ്പോൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടി.ഐ. മധുസൂദനന് 69,153 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. 2021 -ൽ 49,780 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാർഥിയായിരുന്ന ടി.ഐ. മധുസൂദനൻ കഴിഞ്ഞ തവണ നേടിയത്.
എന്നാൽ ഈ തെരഞ്ഞെടുപ്പിൽ 7,487 വോട്ടിന്റെ ആധികാരക ജയം നേടിയാണ് മുൻ സിപിഎം ഏരിയാ സെക്രട്ടറി കൂടിയായിരുന്ന കുഞ്ഞികൃഷ്ണൻ വിജയിച്ചത്. മിന്നും വിജയത്തോടെ കണ്ണൂരിലെ പാർട്ടി കോട്ടയിൽ വിള്ളൽ വീഴ്ത്താൻ കുഞ്ഞികൃഷ്ണനായി.
Kerala
കോഴിക്കോട്: ലോണ് ആപ്പ് സംഘത്തിന്റെ ഭീഷണിയെ തുടർന്ന് കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയതെന്നും യുവാവിന് സാമ്പത്തിക ബാധ്യതകളുണ്ടെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ 13-ാം തീയതി മുതലാണ് ആയഞ്ചേരി സ്വദേശിയായ വിഷ്ണുവിനെ കാണാതായത്. വിഷ്ണു ലോണ് ആപ്പില് നിന്നും പണം ലോണായി എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിനാല് നിരന്തരം ഭീഷണി കോളുകള് വന്നിരുന്നു.
ഇതിനിടെ വിഷ്ണുവിന്റെ മോര്ഫ് ചെയ്ത നഗ്നഫോട്ടോകള് ലോണ് ആപ്പ് കമ്പനി നിരവധിപേര്ക്ക് അയച്ച് കൊടുത്തിരുന്നു. തുടർന്ന് യുവാവിനെ കാണാതാവുകയായിരുന്നു. ഇതിടെ നേത്രാവതി എക്സ്പ്രസില് യാത്ര ചെയ്യവെ സഹയാത്രികന്റെ ഫോണില്നിന്നു വിഷ്ണു സഹോദരനെ വിളിച്ചിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വിഷ്ണുവിനെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം പ്രാദേശിക തലത്തിൽ നടത്തിയ കണക്കെടുപ്പുകൾ പാർട്ടിക്ക് ആശങ്കയാകുന്നു. സിപിഎമ്മിന്റെ ഉറച്ച കോട്ടയായ കണ്ണൂർ ജില്ലയിലെ ചില പ്രധാന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ പിന്നിലാണെന്നാണ് പാർട്ടിയുടെ ആഭ്യന്തര വിലയിരുത്തൽ.
പേരാവൂർ മണ്ഡലത്തിൽ കെ.കെ. ശൈലജ 3000 വോട്ടുകൾക്ക് പിന്നിലാണെന്നാണ് പാർട്ടിയുടെ പ്രാഥമിക കണക്ക്. ശൈലജയുടെ വ്യക്തിഗത മികവിൽ ഈ വിടവ് നികത്താൻ കഴിയുമോ എന്നാണ് സിപിഎം ഇപ്പോൾ ഉറ്റുനോക്കുന്നത്. അഴീക്കോട് മണ്ഡലത്തിൽ കെ.വി. സുമേഷ് 7000 വോട്ടുകൾക്ക് പിന്നിലാണെന്നാണ് റിപ്പോർട്ട്. ഇവിടെ മുസ്ലീം ലീഗ് സ്ഥാനാർത്ഥിക്ക് വലിയ മുൻതൂക്കം ലഭിക്കുമെന്ന് പാർട്ടി ഭയപ്പെടുന്നു.
പാർട്ടിയുടെ ഏറ്റവും ഉറച്ച കോട്ടയായ പയ്യന്നൂരിൽ കനത്ത വോട്ട് ചോർച്ചയുണ്ടായതായി വിലയിരുത്തലുണ്ട്. മുൻകാലങ്ങളിൽ ലഭിച്ചിരുന്ന ഭൂരിപക്ഷം പതിനായിരത്തിലേക്കോ ഇരുപതിനായിരത്തിലേക്കോ താഴ്ന്നേക്കാം. തലശ്ശേരിയിൽ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാണെന്നും തളിപ്പറമ്പിൽ 2000-3000 വോട്ടിന്റെ നേരിയ ഭൂരിപക്ഷം ലഭിക്കുമെന്നുമാണ് കണക്കുകൂട്ടൽ.
കോഴിക്കോട് ജില്ലയിലും പാർട്ടിക്ക് കാര്യങ്ങൾ എളുപ്പമല്ലെന്നാണ് റിപ്പോർട്ട്. ബേപ്പൂർ, ബാലുശ്ശേരി, കോഴിക്കോട് നോർത്ത്, എലത്തൂർ എന്നീ നാല് മണ്ഡലങ്ങളിൽ മാത്രമാണ് പാർട്ടി ജയം ഉറപ്പിക്കുന്നത്. വടകര, കൊടുവള്ളി, കോഴിക്കോട് സൗത്ത്, നാദാപുരം എന്നീ നാല് മണ്ഡലങ്ങളിൽ ഇടതുപക്ഷം തോൽക്കാനാണ് സാധ്യതയെന്ന് പാർട്ടി വിലയിരുത്തുന്നു. വടകരയിൽ എസ്ഡിപിഐ നേടുന്ന വോട്ടുകൾ നിർണായകമാകും.
തിരുവമ്പാടി, കുന്നമംഗലം, കൊയിലാണ്ടി എന്നിവിടങ്ങളിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. പേരാമ്പ്രയിലും കുറ്റ്യാടിയിലും സ്ഥാനാർത്ഥികളുടെ വ്യക്തിഗത വോട്ടുകൾ വിജയത്തിൽ നിർണായകമാകും. തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, പാർട്ടി ഗ്രാമങ്ങളിൽ പോലും വോട്ട് ചോർച്ചയുണ്ടാകുന്നത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. പരാജയഭീതിയുള്ള മണ്ഡലങ്ങളിൽ അവസാന നിമിഷം വോട്ടുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പാർട്ടി പ്രവർത്തകർ.
Kerala
കണ്ണൂര്: തെരഞ്ഞെടുപ്പിനു പിന്നാലെ പയ്യന്നൂരിൽ അക്രമങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ എഡിഎം സമാധാനയോഗം വിളിച്ചു. പയ്യന്നൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ഇന്ന് വൈകുന്നേരം ചേരുന്ന യോഗത്തിൽ എല്ലാ കക്ഷികളും പങ്കെടുക്കണമെന്ന് ജില്ലാഭരണകൂടം അഭ്യർഥിച്ചു.
വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടാം ദിവസവും പയ്യന്നൂരിൽ പരക്കെ അക്രമം തുടരുകയാണ്. സ്വതന്ത്രസ്ഥാനാർഥി വി.കുഞ്ഞികൃഷ്ണനെ അനുകൂലിച്ചെന്ന പേരിൽ സിപിഎം പ്രവർത്തകൻ ടി.പുരുഷോത്തമന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു. വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞുടച്ചശേഷം പുറത്തു നിർത്തിയിട്ട കാർ അക്രമികൾ കത്തിച്ചു.
ഇന്നലെ വി.കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ആളുടെ കാറും കത്തിക്കാൻ ശ്രമമുണ്ടായി. കാങ്കോലിൽ വി.കുഞ്ഞികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ ഷെഡിനും അക്രമികൾ തീയിട്ടിരുന്നു. ഇതിനു പിന്നാലെ മയ്യിലിൽ മുസ്ലിം ലീഗ് ഓഫീസിനു നേരെയും ആക്രമണമുണ്ടായി.
തുടർ സംഘർഷം ഒഴിവാക്കാനാണ് രാഷ്ട്രീയപാർട്ടികളുടെ സമാധാനയോഗം വിളിച്ചത്. അക്രമികൾക്കെതിരെ കടത്ത നടപടി ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.
Kerala
കണ്ണൂർ: വോട്ടെടുപ്പിന് പിന്നാലെ പയ്യന്നൂരിൽ വ്യാപക അക്രമം തുടരുന്നു. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്ഥി വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാര് കത്തിക്കാന് ശ്രമമുണ്ടായി. മാതമംഗലം പേരൂല് സ്വദേശി എം.കെ.നാരായണന്റെ കാറാണ് കത്തിക്കാൻ ശ്രമിച്ചത്.
കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് നാരായണന് ഫേസ്ബുക്കില് പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തെരഞ്ഞെടുപ്പ് തോൽവി മുന്നിൽക്കണ്ട് സിപിഎം വ്യാപക അക്രമം അഴിച്ചുവിടുകയാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ ദിവസം ടി. പുരുഷോത്തമന് എന്നയാളുടെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു. അക്രമിസംഘം വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും കാറിന് തീയിട്ടിരുന്നു. സംഭവത്തിന് പിന്നില് സിപിഎം പ്രവര്ത്തകരാണെന്ന് പുരുഷോത്തമന് ആരോപിച്ചിരുന്നു.
Kerala
കണ്ണൂർ: വ്യാജമായതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തിന് വിരുദ്ധമായ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് പയ്യന്നൂർ നിയോജക മണ്ഡലത്തിൽ 25 ശതമാനത്തിൽ കൂടുതൽ വോട്ട് ചെയ്തത് അട്ടിമറിയുടെ ഭാഗമാണെന്ന് യുഡിഎഫ് ആരോപിച്ചു.
ഇത്തരം രേഖകൾ ഉപയോഗിച്ച് വോട്ടെടുപ്പ് നടന്ന 06, 16, 19, 142 എന്നീ ബൂത്തുകളിൽ റീ പോളിംഗ് നടത്തണമെന്ന് ചീഫ് ഇലക്ഷൻ ഏജന്റ് രജിത് നാറാത്ത് റിട്ടേണിംഗ് ഓഫീസറോട് ആവശ്യപ്പെട്ടു.
ബൂത്തുകളിലെ ദൃശ്യങ്ങൾ ലഭിക്കുന്നതിനായി ജില്ലാ കളക്ടർക്ക് അപേക്ഷയും നൽകി.
Kerala
കണ്ണൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെ അനുയായിയുടെ വീടിന് നേരെ ആക്രണം. കാറിന് തീയിട്ടു. പുരുഷോത്തമന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
വീടിന്റെ ഗ്ലാസ് ജനലുകൾ തകർത്ത ആക്രമികൾ കാറിനും തീയിട്ടു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ടി. പുരുഷോത്തമൻ പറഞ്ഞു. അർധരാത്രി ഒന്നോടെയാണ് ആക്രമണം നടന്നത്.
തീ ആളിക്കത്തുന്നത് കണ്ടാണ് പുരുഷോത്തമനും കുടുംബാംഗങ്ങളും പുറത്തേക്കിറങ്ങിയത്. തീ അണക്കാൻ ശ്രമിക്കുകയും ചെയ്തു.
Kerala
പയ്യന്നൂര്: സംഘര്ഷ സാധ്യത നിലനില്ക്കുന്ന പയ്യന്നൂര് മണ്ഡലത്തില് കനത്ത സുരക്ഷയിലാകും വോട്ടെടുപ്പ്. കേരള പോലീസിന് പുറമേ കേന്ദ്രസേനയുടെ നാലു കന്പനികളെയും വിന്യസിച്ചു.
രണ്ട് പോലീസ് സ്റ്റേഷനുകള്ക്ക് ഒരു ഡിവൈഎസ്പി എന്ന നിലയിൽ പ്രത്യേക ഡിവിഷനുകളുണ്ടാക്കിയാണ് സുരക്ഷാ ക്രമീകരണങ്ങളൊരുക്കിയത്. പട്രോളിംഗ്, ഫ്ലയിംഗ് സ്ക്വാഡ് എന്നിവയ്ക്കായി നിരവധി വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്.
വ്യാജ ഐഡി കാര്ഡ് ആരോപണം: അര്ധരാത്രി റെയ്ഡ്
പയ്യന്നൂര്: വ്യാജ ഐഡി കാര്ഡ് നിര്മിക്കുന്നതായുള്ള ആരോപണങ്ങളെ തുടര്ന്ന് സ്വാമിമുക്കിലുള്പ്പെടെ രണ്ടിടങ്ങളില് പോലീസ് റെയ്ഡ് നടത്തി. ചൊവ്വാഴ്ച അര്ധരാത്രിയിലായിരുന്നു റെയ്ഡ് നടത്തിയത്. സ്വാമിമുക്കിലെ ഒരു വീട്ടിലും മറ്റൊരു വീട്ടിലുമായാണ് ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡ് റെയ്ഡ് നടത്തിയത്.
ലാപ്ടോപ്പ് ഉള്പ്പെടെ പരിശോധിച്ചതായാണ് വിവരം. കൂടുതല് വിവരങ്ങള് ലഭ്യമായിട്ടില്ല. സിപിഎം രഹസ്യ കേന്ദ്രങ്ങളില്നിന്ന് വ്യാജ ഐഡി കാര്ഡുകള് നിര്മിക്കുന്നതായി കെ.സി. വേണുഗോപാല് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
Kerala
കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ തെളിവ് പുറത്തുവിട്ട് മുൻ സിപിഎം നേതാവും സ്വതന്ത്ര സ്ഥാനാര്ഥിയുമായ വി.കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട നിര്ണായക ബാങ്ക് രേഖകളാണ് കുഞ്ഞികൃഷ്ണൻ പുറത്തുവിട്ടത്.
രക്തസാക്ഷി ഫണ്ടിൽ നിന്ന് അഞ്ചു ലക്ഷം രൂപ ഏരിയാ സെക്രട്ടറി സ്വന്തം പേരിലാക്കി. ഈ പണം വീട് നിർമാണത്തിന് ഉപയോഗിച്ചു. ഇതിന്റെ കൂടുതൽ തെളിവുകള് പുറത്തുവിടുമെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി.കുഞ്ഞികൃഷ്ണൻ തെളിവുകള് പുറത്തുവിട്ടത്. ഈ തെളിവുകള് പയ്യന്നൂരിലെ ജനങ്ങള് മനസിലാക്കും.
അഴിമതിക്കാര് ആരാണെന്ന് ജനം വിലയിരുത്തുമെന്നും പോരാട്ടം തുടരുകയാണെന്നും വി. കുഞ്ഞികൃഷ്ണൻ കുറിച്ചു. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ ആരോപണം ഉന്നയിച്ചതിനു പിന്നാലെ കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയിരുന്നു.
Kerala
കണ്ണൂർ: എംഡിഎംഎയും ഹാഷിഷ് ഓയിലുമായി ദമ്പതികളടക്കം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചാലാട് സ്വദേശി നാദീർ നൂറുദ്ദീൻ, ഭാര്യ ഐന, നടാൽ സ്വദേശി കെ. ഷാനിദ് എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്നും 41 ഗ്രാം എംഡിഎംഎയും 241 മില്ലി ഹാഷിഷ് ഓയിലും പിടിച്ചെടുത്തെന്നും പയ്യന്നൂർ പോലീസ് പറഞ്ഞു. പയ്യന്നൂർ ഭാഗത്തുനിന്ന് ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പോലീസ് ദേശീയപാതയിൽ പരിശോധന നടത്തുകയായിരുന്നു.
ഇവർ സഞ്ചരിച്ച കാറിന് കൈകാണിച്ചെങ്കിലും നിർത്താതെ അമിതവേഗത്തിൽ മുന്നോട്ട് കുതിച്ചു. തുടർന്ന് പോലീസ് സംഘം ഇവരെ പിന്തുടരുകയും എടാട്ട് കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം റോഡിൽ വച്ച് പിടികൂടുകയായിരുന്നു.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്നും കോൺഗ്രസ് പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്നും സിപിഎം മുൻ നേതാവ് വി. കുഞ്ഞികൃഷ്ണൻ.
പയ്യന്നൂർ മണ്ഡലത്തിൽ ടി.ഐ. മധുസൂദനനെ സിപിഎം വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ തിങ്കളാഴ്ച വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇത്രയും ആരോപണങ്ങൾക്ക് വിധേയനായ ഒരു വ്യക്തിയെ വീണ്ടും സ്ഥാനാർഥിയായി പയ്യന്നൂരിൽ മത്സരിപ്പിക്കാൻ ഇടതുപക്ഷം സന്നദ്ധമാകില്ല എന്ന വിശ്വാസത്തിലാണ് നേരത്തേ നിലപാട് പറയാതിരുന്നത്.
പക്ഷേ, ഇടതുപക്ഷം അദ്ദേഹത്തെ തന്നെ പയ്യന്നൂരിൽ നിന്ന് മത്സരിപ്പിക്കുന്നതിന് വേണ്ടിയുള്ള തീരുമാനമാണ് കൈക്കൊണ്ടിട്ടുള്ളത്. അങ്ങനെ വരുമ്പോൾ എന്റെ പോരാട്ടം മുന്നോട്ടുകൊണ്ടുപോകാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയല്ലാതെ മറ്റുമാർഗമില്ല. അതിനാൽ സ്വതന്ത്രനായി മത്സരിക്കുന്നതിന് വേണ്ടിയുള്ള തീരുമാനത്തിൽ എത്തിച്ചേർന്നു.
എല്ലാവരുടെയും പിന്തുണ അഭ്യർഥിക്കുകയാണ്. ഒരു മുന്നണിയുടെയും ഭാഗമായി മത്സരിക്കില്ല. പയ്യന്നൂരിലെ പാർട്ടിയെ മാഫിയ സംഘത്തിന് എറിഞ്ഞു കൊടുക്കരുത്.
അഴിമതിക്കെതിരായിട്ടുള്ള പോരാട്ടമെന്നുള്ള നിലയിലാണ് ഇതിനെ കാണുന്നത്. ഇടതുപക്ഷത്തിനെതിരായിട്ടുള്ള ഒരു പോരാട്ടമായി സ്ഥാനാർഥിത്വത്തെ കാണുന്നില്ല. ഇടതുപക്ഷം നിലനിൽക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. എന്നാൽ പയ്യന്നൂരിലെ ഇടതുസ്ഥാനാർഥിയെ ഒരു ഇടതുപക്ഷക്കാരനായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കണ്ണൂര്: പയ്യന്നൂരിൽ ടി.ഐ.മധുസൂദനെതിരെ മത്സരിക്കുമെന്ന് മുൻ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണൻ. തന്റെ സ്ഥാനാർഥിത്വം തിങ്കളാഴ്ച രാവിലെ പത്തിന് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ടി.ഐ.മധുസൂദൻ മികച്ച ഭൂരിപക്ഷത്തിലാണ് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. അതേസമയം കുഞ്ഞികൃഷ്ണന് പിന്തുണ നൽകുന്ന കാര്യത്തിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷമായി. കുഞ്ഞികൃഷ്ണൻ സ്ഥാനാർഥിയായാൽ എതിർക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജംഷീർ പള്ളിവയൽ വ്യക്തമാക്കി.
പയ്യന്നൂരിൽ കോൺഗ്രസ് സ്ഥാനാർഥി തന്നെ വേണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം. ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്, ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ട് വകമാറ്റൽ, 2021ലെ തെരഞ്ഞെടുപ്പ് ഫണ്ടിലെ തിരിമറി. തുടങ്ങിയ ആരോപണങ്ങൾ കുഞ്ഞികൃഷ്ണൻ ഉന്നയിച്ചിരുന്നു.
തുടർന്ന് അദ്ദേഹത്തെ പാർട്ടി പുറത്താക്കുകയായിരുന്നു. അതേസമയം പയ്യന്നൂരിൽ പ്രത്യേക ശ്രദ്ധവേണമെന്നാണ് പാർട്ടി തീരുമാനം.
Kerala
കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് നേതൃത്വത്തെ വിമർശിച്ച അംഗങ്ങളിൽനിന്നു വിശദീകരണം തേടാൻ സിപിഎം. വി.കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തവരിൽനിന്നും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മണ്ഡലതല യോഗങ്ങളിലുൾപ്പെടെ വിമർശനം ഉന്നയിച്ചവരിൽ നിന്നുമാണ് വിശദീകരണം തേടുന്നത്.
അതേസമയം മുതിർന്ന നേതാക്കളുൾപ്പെടെയുള്ള ചിലർ പാർട്ടിയിൽനിന്നു പുറത്തേുപോകാനൊരുങ്ങുന്നതായും സൂചനയുണ്ട്.
പയ്യന്നൂർ സിപിഎമ്മിലെ ഫണ്ട് വെട്ടിപ്പിന്റെ കണക്കുകളുൾപ്പെടെ നിരത്തുന്നതായിരുന്നു ‘നേതാക്കളെ അണികൾ തിരുത്തണമെന്ന’ കുഞ്ഞികൃഷ്ണന്റെ പുസ്തകം. ഇതിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്തവരിൽനിന്നാണ് പാർട്ടി വിശദീകരണം തേടുന്നത്.
അതോടൊപ്പം ടി.ഐ. മധുസൂദനന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് യോഗങ്ങളിൽ വിമർശനം ഉന്നയിച്ചവരിൽനിന്നും വിശദീകരണം തേടുന്നുണ്ട്. മണ്ഡലതല യോഗങ്ങളിലുൾപ്പെടെ ടി.ഐ. മധുസുദനന്റെ സ്ഥാനാർഥിത്വത്തിനെതിരേ വിമർശനങ്ങളുയർന്നിരുന്നു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സംശയങ്ങൾ ദുരീകരിക്കാനായി വ്യക്തമായ കണക്കുകൾ അവതരിപ്പിക്കണമെന്ന ആവശ്യമാണ് യോഗങ്ങളിലുയർന്നത്.
ഇതേത്തുടർന്ന് മുതിർന്ന നേതാക്കൾക്കെതിരേ ചിലർ തട്ടിക്കയറുന്ന അവസ്ഥയുമുണ്ടായെന്നാണ് വിവരം. ഇതിലെല്ലാം മാനസിക പ്രയാസത്തിലായ മുതിർന്ന നേതാക്കളിൽ ചിലർ മധുസൂദനന്റെ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുന്നതോടെ പാർട്ടിയിൽനിന്ന് പുറത്തേക്ക് പോകാനൊരുങ്ങുന്നതായാണ് സൂചനകൾ.
Kerala
കണ്ണൂർ: പയ്യന്നൂരിലെ മുൻ സിപിഎം നേതാവ് വി.കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു. ശനിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ പയ്യന്നൂർ സ്വദേശി വി.രാമചന്ദ്രൻ (87) ആണ് മരിച്ചത്.
രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ രാമചന്ദ്രനെ കാറിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി വി. കുഞ്ഞികൃഷ്ണൻ. പയ്യന്നൂരിൽ ടി.ഐ.മധുസൂദനൻ മത്സരിക്കുമോയെന്ന് നോക്കട്ടെ അതിനുശേഷം തന്റെ നിലപാട് പറയാമെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സിപിഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറിയുണ്ടായി. ഏരിയാ കമ്മിറ്റിയിൽ നിന്ന് ചില അംഗങ്ങൾ ഇറങ്ങിപ്പോയത് താൻ ഉന്നയിച്ച വിഷയങ്ങൾക്കുള്ള പിന്തുണയായി കാണാമെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂരിലെ ഭൂരിഭാഗം പാർട്ടി പ്രവർത്തകരും താൻ പറയുന്നത് ശരിയെന്ന് വിശ്വസിക്കുന്നവരാണ്. തന്നെ പിന്തുണയ്ക്കുന്നവര്ക്കെതിരെ തുടര്ച്ചയായി ഉണ്ടാകുന്ന അതിക്രമങ്ങളില് പോലീസ് നിഷ്ക്രിയത്വം പാലിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കണ്ണൂര് റൂറല് എസ്പിക്ക് പരാതി നല്കിയിരുന്നു.
ബൈക്ക് കത്തിച്ച കേസിലും ഭീഷണിപ്പെടുത്തിയ സംഭവത്തിലും പോലീസ് അന്വേഷണം മരവിച്ച അവസ്ഥയിലാണ്. കുറ്റവാളികളെ കണ്ടെത്താന് അടിയന്തര ഇടപെടല് ഉണ്ടായില്ലെങ്കില് ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും കുഞ്ഞികൃഷ്ണന് വ്യക്തമാക്കി.
Kerala
കണ്ണൂര്: നിയമസഭാ തെരഞ്ഞെടുപ്പില് മത്സരിക്കുന്നത് സാഹചര്യത്തിനൊത്ത് തീരുമാനിക്കുമെന്ന് വി. കുഞ്ഞികൃഷ്ണന് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിൽ പറഞ്ഞതോടെ ടി.ഐ. മധുസൂദനന് വീണ്ടും മത്സരിച്ചാൽ സ്വതന്ത്ര സ്ഥാനാര്ഥിയായി കുഞ്ഞികൃഷ്ണൻ മത്സരിച്ചേക്കാൻ സാധ്യത.
പയ്യന്നൂര് സിപിഎമ്മിലെ സാമ്പത്തിക തട്ടിപ്പിന്റെ വെളിപ്പെടുത്തലിനെതിരേ കൃത്യമായ മറുപടി നല്കാതെ കുഞ്ഞികൃഷ്ണനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന നിലപാടാണ് ചില കേന്ദ്രങ്ങളില്നിന്നുമുണ്ടായത്. ഇതിനിടെ, ടി.ഐ. മധുസൂദനന് പയ്യന്നൂരില് വീണ്ടും മത്സരിക്കുമെന്നുള്ള പ്രചാരണം നടക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പില് മത്സരിക്കില്ലെന്ന് പറഞ്ഞിരുന്ന കുഞ്ഞികൃഷ്ണന് സാഹചര്യത്തിനൊത്ത് തീരുമാനിക്കുമെന്ന് വെളിപ്പെടുത്തിയത്. മധുസൂദനനെ പയ്യന്നൂരില് മത്സരിപ്പിക്കാനുള്ള ഔദ്യോഗിക തീരുമാനമുണ്ടായാല് തന്റെ മുന് തീരുമാനത്തില് മാറ്റം വരുത്തി മത്സരരംഗത്തുണ്ടാകുമെന്ന സൂചനയാണ് കുഞ്ഞികൃഷ്ണന് നല്കുന്നത്.
കുഞ്ഞികൃഷ്ണന്റെ വിവാദ വെളിപ്പെടുത്തലുണ്ടാക്കിയ പ്രതിസന്ധി കണക്കിലെടുത്ത് മധുസൂദനനെ മത്സരിപ്പിക്കാതിരുന്നാല് കുഞ്ഞികൃഷ്ണന്റെ വാദങ്ങളെ ശരിവയ്ക്കലാകുമെന്നും അതിനാല് മധുസൂദനന്തന്നെ മത്സരിക്കണമെന്ന നിലപാടായിരുന്നു പാര്ട്ടി നേതൃത്വത്തിന്റേത്. ഇതിന്റെ ഔദ്യോഗിക തീരുമാനം പുറത്തുവന്നിട്ടില്ല.
എന്നാല്, മധുസൂദനനാണ് പയ്യന്നൂരിലെ എല്ഡിഎഫ് സ്ഥാനാര്ഥിയെന്ന പ്രചാരണങ്ങള് സജീവവുമാണ്. ഈ സാഹചര്യത്തിലാണ് മധുസൂദനന് മത്സരരംഗത്തുണ്ടായാല് എതിരേ മത്സരിക്കുമെന്ന സൂചന കുഞ്ഞികൃഷ്ണന് നല്കുന്നത്.
നേതാക്കളെ അണികള് തിരുത്തണമെന്ന കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലെ കണക്കുകള് നേതൃത്വത്തിന് ഇതുവരെ നിഷേധിക്കാന് കഴിഞ്ഞിട്ടില്ല. കുഞ്ഞികൃഷ്ണന്റെ ചോദ്യങ്ങളുടെ മുനയൊടിക്കാനുള്ള ഉത്തരങ്ങളും നേതൃത്വത്തിന്റെ കൈയിലില്ല. അതേസമയം, തന്റെ വെളിപ്പെടുത്തലുകള് ശരിവയ്ക്കുന്ന തെളിവുകള് കുഞ്ഞികൃഷ്ണന്റെ കൈയിലുണ്ടെന്ന കാര്യത്തില് നേതൃത്വത്തിന് സംശയവുമില്ല. കുഞ്ഞികൃഷ്ണന് മത്സരരംഗത്തെത്തുന്ന സാഹചര്യമുണ്ടായാല് ഈ തെളിവുകള് പ്രചാരണായുധമാകാനും സാധ്യതയുണ്ട്.
കുഞ്ഞികൃഷ്ണന് മത്സരരംഗത്ത് വന്നാല് സ്ഥാനാര്ഥിയെ നിര്ത്താതെ കുഞ്ഞികൃഷ്ണനെ യുഡിഎഫ് പിന്തുണയ്ക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
Kerala
പയ്യന്നൂര്: സിപിഎം ഫണ്ട് വെട്ടിപ്പിന്റെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സിപിഎം ജില്ലാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ ബൈക്ക് കത്തിച്ചു. വെള്ളൂരിലെ പനയന്തട്ട വീട്ടില് പ്രസന്നന്റെ പള്സര് ബൈക്കാണ് ഇന്നു പുലര്ച്ചെ അഗ്നിക്കിരയാക്കിയത്.
റോഡില്നിന്നും കുറച്ചകലെയുള്ള വീട്ടുവളപ്പില് നിര്ത്തിയിയട്ടിരുന്ന ബൈക്ക് തള്ളി അകലെ മാറ്റിയാണ് തീവച്ചത്. തിങ്കളാഴ്ച രാത്രി പന്ത്രണ്ടിന് ശേഷം നടന്ന തീവയ്പ്പ് ഇന്നു രാവിലെയാണ് വീട്ടുകാരുടെ ശ്രദ്ധയില്പ്പെട്ടത്.
തിങ്കളാഴ്ച കുഞ്ഞികൃഷ്ണനെതിരെ വെള്ളൂരില് പതിനഞ്ചില് താഴെവരുന്ന സംഘം പ്രകടനം നടത്തുകയും പടക്കം പൊട്ടിക്കയും ചെയ്ത സംഭവമുണ്ടായിരുന്നു. ഇതിന് പകരമായി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും പ്രകടനം നടന്നു. ഇതിന്റെ നേതൃനിരയിലുണ്ടായിരുന്ന പ്രസന്നന്റെ ബൈക്കാണ് കത്തിച്ചത്.
Kerala
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ ആരോപണം നേരിടുന്ന ടി.എ.മധുസൂദനൻ എംഎൽഎയെ രക്ഷിക്കാൻ സിപിഎം ശ്രമം ആരംഭിച്ചെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇതിന്റെ ഭാഗമായാണ് കോൺഗ്രസ് മാർച്ചിനു നേരെ സിപിഎം ആക്രമണം നടത്തിയത്.
രക്തസാക്ഷി ഫണ്ട് വെട്ടിപ്പിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ഗൂഢനീക്കമാണ് ഈ ആക്രമണം. മുൻ ഏരിയാ സെക്രട്ടറി പി. കുഞ്ഞികൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലിലൂടെ സിപിഎമ്മിന്റെ ജീർണതയാണ് തുറന്നുകാട്ടപ്പെട്ടത്. ഇതിലെ ജാള്യതയാണ് സിപിഎമ്മിനെ ആക്രമത്തിന് പ്രേരിപ്പിക്കുന്നത്.
രക്തസാക്ഷി കുടുംബത്തോടും അണികളോടും സിപിഎമ്മിന് അൽപ്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ഫണ്ട് വെട്ടിപ്പ് നടത്തിയ പ്രതികളെ നിയമത്തിന് വിട്ടുകൊടുക്കുകണം. കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
Kerala
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സാമൂഹ്യമാധ്യമത്തിൽ വീഡിയോ പങ്കുവച്ചതിന് പിന്നാലെ ഗോവിന്ദപുരം സ്വദേശി ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ദീപക്. ബസിനുള്ളിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചായിരുന്നു പെൺകുട്ടി വീഡിയോ പങ്കുവച്ചത്.
വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതിയുടേതെന്നും ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം യുവതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ ഡിജിപിക്ക് പരാതി നൽകി. എന്നാൽ ദീപക് ജീവനൊടുക്കിയതിന് പിന്നാലെ നിലപാട് ആവർത്തിച്ച് പെൺകുട്ടി രംഗത്തെത്തിയിട്ടുണ്ട്.
പയ്യന്നൂരിലെ ബസ് യാത്രയ്ക്കിടെ തനിക്കും മറ്റൊരു പെൺകുട്ടിക്കും ഉണ്ടായ ദുരനുഭവങ്ങൾ വ്യക്തമാക്കിയാണ് യുവതി ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്. യുവാവ് മരിച്ച വാർത്ത സങ്കടകരമാണെന്നും യുവതി കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: ബൂത്ത് ലെവൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഏറ്റുകുടുക്ക സ്വദേശി അനീഷിനെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കുന്നരു എയുപി സ്കൂളിലെ ജീവനക്കാരനാണ് അനീഷ്. നിലവിൽ ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്നുണ്ട്. ഞായറാഴ്ച രാവിലെയായിട്ടും മുറിക്കു പുറത്തു വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് അനീഷിന് സമ്മർദ്ദമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പയ്യന്നൂർ പോലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ്ലൈൻ നമ്പരുകൾ 1056, 0471-2552056)
SUNDAY DEEPIKA
സ്വപ്നം കാണാത്തവർ ആരുമുണ്ടാവില്ല. എന്നാല് കാണുന്ന സ്വപ്നങ്ങള് യാഥാര്ഥ്യമാക്കാന് നിശ്ചയദാര്ഢ്യമുള്ളവര്ക്കു മാത്രമേ കഴിയൂ. അവരിലൊരാളാണ് പയ്യന്നൂര് വെള്ളൂര് പഴയ തെരുവിലെ ടി.വി. പുരുഷോത്തമന് (61) എന്ന തെങ്ങുകയറ്റ തൊഴിലാളി. തെങ്ങിനു മുകളിലിരിക്കുമ്പോള് തലയ്ക്കു മുകളിലൂടെ പോകുന്ന വിമാനങ്ങളാണ് ഒരുകാലത്ത് പുരുഷോത്തമന്റെ സ്വപ്നങ്ങളില് നിറഞ്ഞു നിന്നിരുന്നത്.
വലിയ ഇരമ്പലോടെ അകന്നുപോകുന്ന വിമാനങ്ങള് ഊണിലും ഉറക്കത്തിലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വിമാനത്തിൽ കയറി തെങ്ങുകൾക്കു മുകളിലൂടെ പറക്കുന്നത് അദ്ദേഹം മനസിൽ കണ്ടു. അതിനായുള്ള കഠിനാധ്വാനമായിരുന്നു പിന്നീട്. സ്വപ്നങ്ങള് പൂവണിയിക്കാന് കഴിഞ്ഞതിന്റെ സന്തോഷത്തിലാണിന്ന് പുരുഷു എന്നു വിളിപ്പേരുള്ള പുരുഷോത്തമന്.
തൊഴിലുകൾ പലത്
നെയ്ത്ത് കുലത്തൊഴിലാക്കിയ കുടുംബത്തിലെ മൂത്ത മകനായിരുന്നു പുരുഷു. മൂന്നാം ക്ലാസില് പഠിപ്പ് അവസാനിപ്പിക്കേണ്ടിവന്നു. അച്ഛന് കുടുംബത്തെ ഉപേക്ഷിച്ചു പോയതോടെ മൂന്നുമക്കളും അമ്മയും നടുക്കടലില്പ്പെട്ട അവസ്ഥയിലായി. അമ്മയ്ക്ക് നെയ്ത്തിലൂടെ കിട്ടുന്ന തുച്ഛമായ വരുമാനം ഒന്നിനും തികയില്ലായിരുന്നു. കുടുംബം പോറ്റാനായി തെങ്ങുകയറാനുള്ള തളപ്പ് കാലിലണിയുകയായിരുന്നു പുരുഷു. കൂട്ടത്തില് മത്സ്യക്കച്ചവടവും നടത്തി. പയ്യന്നൂരില് അന്നുണ്ടായിരുന്ന മദ്രാസ് ഹോട്ടലിനോടു ചേര്ന്നുള്ള സ്റ്റാളിലെ കച്ചവടക്കാരനുമായി. ഇതൊക്കെ ചെയ്യുമ്പോഴും തെങ്ങുകയറ്റമായിരുന്നു പ്രധാന തൊഴില്.
ജീവിതത്തില് ആധ്യാത്മികതക്ക് പ്രഥമസ്ഥാനം നല്കിയ പുരുഷു ശബരിമലയും ഗുരുവായൂരുമുള്പ്പെടെയുള്ള ക്ഷേത്രദര്ശനങ്ങള് പതിവാക്കിയിരുന്നു. ആധ്യാത്മിക സംഘടനകളായ ശിവശക്തിയുള്പ്പെടെയുള്ള മൂന്നു ഗ്രൂപ്പുകളിലെ സജീവ പ്രവര്ത്തകനായി പുരുഷു. പയ്യന്നൂര് സുബ്രഹ്മണ്യ സേവാ സമിതി പ്രവര്ത്തകര്ക്കൊപ്പമായിരുന്നു ഉത്തരേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം സഞ്ചാരപ്രിയനായ പുരുഷുവെത്തിയത്്. ജോലിയില്ലാത്ത ദിവസങ്ങളുടെ കൂട്ടത്തില് രണ്ടുമൂന്നു ദിവസങ്ങള്കൂടി ഉള്പ്പെടുത്തി ദീര്ഘദൂരട്രെയിന് യാത്രകളും തുടങ്ങി.
ഇതിനിടയിലാണ് നീലേശ്വരം മടിക്കൈ സ്വദേശിനിയും ദിനേശ് ബീഡി തൊഴിലാളിയുമായ സരോജിനി ജീവിത സഖിയായത്. മക്കൾ ഹരികൃഷ്ണനും കൃഷ്ണവേണിക്കും മികച്ച വിദ്യാഭ്യാസം നല്കുന്നതിന് ഒരു കുറവും വരുത്തിയില്ല. ഇപ്പോള് ബംഗളൂരുവില് മെക്കാനിക്കല് എൻജിനീയറാണ് മകന് ഹരികൃഷ്ണന്. ഇലക്ട്രോണിക്സ് എംഎസ്സി ബിരുദധാരിയാണ് മകള് കൃഷ്ണവേണി.
സ്വപ്നച്ചിറകിൽ
അപ്പോഴെല്ലാം പുരുഷു തന്റെ സ്വപ്നങ്ങളുടെ ചിറകുകളില് വിമാനങ്ങള്ക്കൊപ്പം മാനംമുട്ടെ പറക്കുകയായിരുന്നു. സ്വപ്നസാഫല്യത്തിനായി കൂടുതല് പണം വേണമെന്ന തിരിച്ചറിവ് അദ്ദേഹത്തെ കഠിനാധ്വാനിയാക്കി. കൂടുതല് അധ്വാനമാവശ്യമായ തെങ്ങുകയറ്റം തൊഴിലാക്കിയവര് രാവിലെ നേരത്തേ ജോലി തുടങ്ങി പത്താകുമ്പോഴേക്കും വിശ്രമിക്കുകയാണ് പതിവ്.
എന്നാല് രാവിലെ മുതല് വൈകുന്നേരംവരെ തന്റെ തൊഴിലില് മുഴുകിയതോടെയാണ് വീട്ടുചെലവുകള് കഴിച്ച് യാത്രകള്ക്കുള്ള പണമുണ്ടാക്കാന് പുരുഷുവിനു കഴിഞ്ഞു. വിവിധയിടങ്ങളിലായി പാട്ടത്തിനെടുത്ത തെങ്ങിൻതോപ്പുകളില്നിന്നു പൂക്കുലയും ഇളനീര്, തേങ്ങ എന്നിവയും വില്ക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനവും കൂട്ടിവച്ചപ്പോൾ പരാധീനതകള് മറികടക്കാനായി.
ആഗ്രഹങ്ങള് മനസിനുള്ളില് ചുരമാന്തിക്കൊണ്ടിരിക്കേയാണ് പ്രവാസിയും ടൂര് പ്രോഗ്രാം എജന്സി നടത്തിപ്പുകാരനുമായ പയ്യന്നൂര് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനുസമീപത്തെ പ്രവീണ് എന്ന പ്രജിത്ത്കുമാറിനെ പരിചയപ്പെടാനിടയായത്. മാനംമുട്ടേയുള്ള ആഗ്രഹം പങ്കുവച്ചപ്പോള് പുരുഷുവിനെ യാത്രകളില് ഉള്പ്പെടുത്താൻ പ്രവീണ് തയാറാവുകയായിരുന്നു. ഇതായിരുന്നു ആകാശ യാത്രകളുടെ തുടക്കം. ഓരോ രാജ്യങ്ങളുടെ സംസ്കാരങ്ങളും കൗതുകങ്ങളും പ്രവീണിനിനോടു ചോദിച്ചറിയുന്നത് പതിവാണ്. കാര്യമായ അക്ഷരജ്ഞാനമോ ഭാഷകളിലെ അറിവോ ഇല്ലാത്തത് പുരുഷുവിന് ഒരിക്കലും തടസമായില്ല.
ചിട്ടികളില് ചേര്ന്നാണ് യാത്രക്കുള്ള ഒരുക്കങ്ങള് തുടങ്ങുന്നത്. യാത്രയുടെ സമയമാകുമ്പോള് ചിട്ടി വിളിച്ചെടുക്കും. ബീഡി തൊഴിലാളിയായ ഭാര്യ സരോജിനിയെകൂട്ടിയായിരുന്നു ഗള്ഫ് യാത്ര. ദുബായ്, അബുദാബി എന്നിവിടങ്ങൾ കണ്ടു. തുടര്ന്നുള്ള യാത്രകള്ക്ക് ഭാര്യ മടികാണിച്ചതിനാല് ഒപ്പം കൂട്ടിയില്ല. എങ്കിലും ഭാര്യയും മക്കളും പ്രോത്സാഹനങ്ങളുമായി എപ്പോഴും കൂടെയുണ്ട്. സിംഗപ്പൂര്, മലേഷ്യ എന്നിവിടങ്ങള് സന്ദര്ശിച്ച പുരുഷു വരുന്ന ഡിസംബര് നാലിന് വിയറ്റ്നാം സന്ദര്ശിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്ത്തിയാക്കിക്കഴിഞ്ഞു.
അതുകഴിഞ്ഞ് ഫ്രാന്സ്, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങള് സഞ്ചരിക്കാനുള്ള ആഗ്രഹമാണ് ഈ തെങ്ങുകയറ്റ തൊഴിലാളിക്കുള്ളത്. ആഗ്രഹങ്ങള് സാധിക്കുമെന്ന് വിളിച്ചോതുന്നതാണ് പുരുഷുവിന്റെ ഇരുകാലുകളിലും രൂപപ്പെട്ടിരിക്കുന്ന കട്ടിത്തഴമ്പ്. ഉയരമുള്ള തെങ്ങുകൾക്കു മുകളില്നിന്നു മാനംമുട്ടെയുയര്ന്ന ആഗ്രഹങ്ങള്ക്ക് പിന്നാലെയുള്ള സഞ്ചാരം പുരുഷു തുടരും...